മാതാപിതാക്കൾ വിവാഹ സമ്മാനമായി പെൺമക്കൾക്ക് സ്വർണവും പണവും നൽകുന്നതിന് പകരം അവർക്ക് ഒരു വീടും സ്ഥലവും ആണ് നൽകേണ്ടത് എന്ന് തോന്നിയിട്ടുണ്ട്. ഇനി മാതാപിതാക്കൾക്ക് അതിനുള്ള സാമ്പത്തികം ഇല്ലെങ്കിൽ പെണ്ണുങ്ങൾ കല്യാണത്തിന് മുൻപ് കുറഞ്ഞത് ഒരു കുഞ്ഞു വീട് എങ്കിലും സ്വന്തമായി ഉണ്ടാക്കണം. ഹസ്ബൻഡ് എത്ര സ്നേഹമുള്ള ആൾ ആണേലും മറ്റൊരാളിന്റെ വീട്ടിൽ പോയി താമസിക്കുമ്പോൾ ഫലത്തിൽ നിങ്ങൾക്ക് അതൊരു അന്യവീട് തന്നെയാണ്. എന്നെങ്കിലും ഒരു ദിവസം “ഇത് നിന്റെ വീടല്ല” എന്നൊരു ധ്വനി ഭർത്താവിന്റെയോ അയാളുടെ ബന്ധുക്കളുടെയോ ഭാഗത്തുനിന്ന് ഉണ്ടായേക്കാം. അന്ന് ചിലപ്പോൾ നിങ്ങൾ തകർന്നുപോയി എന്നുവരാം.
മാത്രമല്ല, പഴയപോലെ 75 കൊല്ലം നീണ്ടുനിൽക്കുന്ന ദാമ്പത്യങ്ങൾ അല്ല ഇന്നുള്ളത്. എപ്പോ വേണേലും ഒരു വേർപിരിയൽ ജീവിതത്തിൽ സംഭവിച്ചേക്കാം എന്നൊരു ഉത്തമബോധ്യം നമ്മുടെ ഉള്ളിൽ വേണം. ചിലപ്പോൾ ഡിവോഴ്സിനു പകരം പങ്കാളിയുടെ മരണം ആവും നിങ്ങൾക്ക് അയാളുടെ കുടുംബ വീട്ടിൽ സന്തോഷത്തോടെ താമസിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുന്നത്. അന്നായിരിക്കും സ്വന്തമായി ഒരു വീട് ഉള്ളവർക്കും ഇല്ലാത്തവർക്കും അതിന്റെ വില ഒരേപോലെ മനസ്സിലാവുന്നത്. ഡിവോഴ്സ് ആയ ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുന്നവർക്കും അത്ര സുഖകരമായ അനുഭവം ഒന്നും ആവില്ല ഉണ്ടാവുക. അന്ന് സ്വന്തമായി ഒരു ഒറ്റമുറി വീട് എങ്കിലും ഉണ്ടെങ്കിൽ സാമ്പത്തികാവസ്ഥ മോശം ആണേലും വാടക കൊടുക്കാതെ ജീവിക്കാം. ഭക്ഷണത്തിനുള്ള വക മാത്രം കണ്ടെത്തിയാൽ മതിയാവും.
Comments
Post a Comment